കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: August 2014

കുറവിലങ്ങാട്ട് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം

കുറവിലങ്ങാട്: കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണിസൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. മുട്ടുങ്കല്‍ ജംഗ്ഷനടുത്ത് ഇന്നലെ രാവിലെ ജീവനക്കാരെത്തിയതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷണം നടത്തിയത്. കരിങ്കല്ല് ഉപയോഗിച്ച് ഗ്ലാസ് ഇടിച്ചു പൊട്ടിച്ചാണ് മോഷണസംഘം കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. പണം സൂക്ഷിക്കുന്ന മേശയും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിനുസമീപത്തെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു. പണംസൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞില്ല.
കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതിനല്‍കിയെങ്കിലും സംഭവത്തില്‍ കേസെടുത്തിട്ടില്ല.
കുറവിലങ്ങാട് മേഖലയില്‍ മോഷണം തുടര്‍ക്കഥയാകുന്ന സാഹചര്യമാണിപ്പോഴുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറവിലങ്ങാട് സഹകരണ കോളേജിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സെന്റര്‍ കുത്തിത്തുറന്ന് ലാപ്‌ടോപ്പും പതിനായിരത്തിലധികം രൂപയും കവര്‍ന്ന സംഭവത്തിലും പോലീസ് കേസെടുത്തിരുന്നില്ല.
മോഷണ സംഭവത്തില്‍ കേസെടുക്കാത്തതിനാല്‍ മോഷ്ടാക്കള്‍ സൈ്വര്യവിഹാരം നടത്തുകയാണ്.

കുറവിലങ്ങാട് പള്ളിയില്‍ മാതാവിന്റെ ജനനത്തിരുനാള്‍ നാളെ കൊടിയേറും

കുറവിലങ്ങാട്: പരിശുദ്ധ ദൈവമാതാവിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ദൈവമാതാവിന്റെ ജനനതിരുനാളിന് നാളെ കൊടിയേറും. നാളെ ഏഴിന് മര്‍ത്ത്മറിയം ഫൊറോന പള്ളി വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുര്‍ബാനയും. 4.30ന് ഇടവകയിലെ മികച്ച കര്‍ഷകനെ ആദരിക്കുന്ന നല്ലവിതക്കാരന്‍ അവാര്‍ഡ് വിതരണം. മികച്ച കര്‍ഷകര്‍ക്ക് ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അവാര്‍ഡുകള്‍ സമ്മാനിക്കും. 4.45ന് കര്‍ഷകരെ മുത്തിയമ്മയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അഞ്ചിന് മാര്‍ ജോസഫ് അരുമച്ചാടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 6.30ന് നെവേന ജപമാല മെഴുകുതിരി പ്രദക്ഷിണം. രത്‌നഗിരി പള്ളി സഹവികാരി ഫാ. ജോസഫ് മുതിരക്കാലായില്‍ കാര്‍മികത്വം വഹിക്കും. 7.30ന് നേര്‍ച്ചവിതരണം.
ഏഴുവരെ തിയതികളില്‍ എല്ലാദിവസവും രാവിലെ 5.30നും ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് നൊവേനയും ജപമാല പ്രദക്ഷിണവും. 7.30ന് നേര്‍ച്ചവിതരണം.
രണ്ടിന് മുതിര്‍ന്നവരുടെ ദിനമായി ആചരിക്കും. രണ്ടിന് മൂന്നുമണിക്ക് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ സന്ദേശം നല്‍കും. അഞ്ചിന് ഛാന്ദാ രൂപത നിയുക്ത മെത്രാന്‍ മാര്‍ എഫ്രേം നരികുളം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് കാഞ്ഞിരത്താനം പള്ളി സഹവികാരി ഫാ. കുര്യാക്കോസ് തടിയ്ക്കപറമ്പിറിലിന്റെ കാര്‍മികത്വത്തില്‍ നൊവേന.
നോമ്പിന്റെ മൂന്നാംദിനം വാഹനദിനാചരണം നടത്തും. 3.30ന് വാഹന വെഞ്ചരിപ്പ് നടത്തും. അഞ്ചിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് നസ്രത്തഹില്‍ ഡി പോള്‍ പബ്ലിക്ക് സ്‌കൂള്‍ ബര്‍സാര്‍ ഫാ. തോമസ് പാണനാലിന്റെ കാര്‍മികത്വത്തില്‍ നൊവേന. നാലാംദിനമായ നാലിന് സമര്‍പ്പണ ദിനാചരണം നടത്തും. 4.50ന് ഭക്തജനങ്ങളെ മുത്തിയമ്മയ്ക്ക് അടിമവെച്ച് പ്രാര്‍ത്ഥിക്കും. അഞ്ചിന് പൂനലൂര്‍ രൂപത ബിഷപ് ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 6.30ന് കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ വൊക്കേഷന്‍ പ്രമോട്ടര്‍ ഫാ. റ്റോംസി പാലയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നൊവേന.ജപമാലപ്രദക്ഷിണം.
മാസാദ്യവെള്ളിയാഴ്ചയായ അഞ്ചിന് 5.30, 6.30, 7.30, 8.30, 9.30, 12.00, 2.45 എന്നീസമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. 10.45ന് റവ. ഡോ. ജോസഫ് വടയാറ്റുകുഴി സുറിയാനി കുര്‍ബാനയര്‍പ്പിക്കും. 12.30ന് മുത്തിയൂട്ട്. അഞ്ചിന് പാലാ രൂപത പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് മലേപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് ഇലഞ്ഞി സഹവികാരി ഫാ. ജോസഫ് താഴത്തുവരിക്കയിലിന്റെ കാര്‍മികത്വത്തില്‍ നൊവേന.
ആറിന് എട്ടിന് ദിവ്യകാരുണ്യാരാധന. മുത്തിയമ്മയുടെ മധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിച്ചവര്‍ ദിവ്യകാരുണ്യത്തിനു മുന്നില്‍ കൃതജ്ഞതയര്‍പ്പിക്കാനായി ഒത്തുചേരും. 12.30ന് മുത്തിയൂട്ട്. അഞ്ചിന് തൃപ്പൂണിത്തുറ ഫൊറോന വികാരി ഫാ. വര്‍ഗീസ് കാട്ടുപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് കൂടല്ലൂര്‍ സഹവികാരി ഫാ. പോള്‍ പാഴൂപറമ്പിലിന്റെ കാര്‍മികത്വത്തില്‍ നൊവേന.
സംഘടനാദിനമായ ഏഴിന് 2.30ന് വിവിധ സംഘടനകളുടെ സംഗമം. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ സന്ദേശം നല്‍കും. അഞ്ചിന് തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫീലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് കാക്കൂര്‍ വികാരി ഫാ. മാത്യു പീടികയിലിന്റെ കാര്‍മികത്വത്തില്‍ നൊവേന.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് ഏഴിന് പൊതുമാമ്മോദിസ, 9.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. തിരുവചനസന്ദേശം, നൊവേന. 11ന് മേരീനാമധാരി സംഗമം. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. 11.30ന് ജൂബിലി കപ്പേളയിലേയ്ക്ക് ജപമാലപ്രദക്ഷിണം. വടകര സഹവികാരി ഫാ. ജോസഫ് മൈലപറമ്പില്‍ കാര്‍മികത്വം വഹിക്കും. 12.30ന് നോമ്പൂവീടല്‍ സദ്യ.
നോമ്പാചരണത്തോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. എട്ടുദിനങ്ങളിലായി എട്ടുവീടുകള്‍് സമര്‍പ്പിക്കും. മുത്തിയമ്മയ്‌കൊരു വീട് പദ്ധതിയിലാണ് വീടുകളുടെ സമര്‍പ്പണം. എട്ടുദിനങ്ങളിലായി മുത്തിയമ്മയ്‌ക്കൊരു വീട് പദ്ധതിയുടെ സഹായത്തോടെ പണിതീര്‍ത്ത എട്ടുവീടുകള്‍ മുത്തിയമ്മയ്ക്ക് സമര്‍പ്പിക്കും. ഈ വര്‍ഷത്തെ 100 വീടുകള്‍ പണി പൂര്‍ത്തിയാക്കുക എന്ന മുത്തിയമ്മയ്‌ക്കൊരു വീട് പദ്ധതിയുടെ സ്വപ്നപദ്ധതിയ്ക്ക് തുടക്കം കുറിക്കും. മര്‍ത്ത്മറിയം വിവാഹ സഹായ പദ്ധതി, മര്‍ത്ത്മറിയം ചികിത്സാ സഹായ പദ്ധതി എന്നിവയും തിരുനാളിനോടനുബന്ധിച്ച് നടപ്പാക്കുമെന്ന് ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍, ട്രസ്റ്റിമാരായ ലൂക്കാ കണിയോടിക്കല്‍, ജോര്‍ജ് ആണ്ടാശേരില്‍, ജോസഫ് മലയേപ്പള്ളില്‍, സെബാസ്റ്റ്യന്‍ ചിറ്റക്കാട്ട്, ആഘോഷകമ്മിറ്റി ഭാരവാഹികളായ ഇമ്മാനുവല്‍ നിധീരി, ഷൈജു പാവുത്തിയേല്‍, ജോര്‍ജ് ജി. ചെന്നേലില്‍, ജിയോ സിറിയക് കരികുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുറവിലങ്ങാട് ഇടവക നല്ലവിതക്കാരന്‍ പുരസ്‌കാരം പോള്‍ കളപ്പുരയ്ക്കലിന്

കുറവിലങ്ങാട്: അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഏര്‍പ്പെടുത്തിയ നല്ലവിതക്കാരന്‍ പുരസ്‌കാരത്തിന് പോള്‍ ജേക്കബ് കളപ്പുരയ്ക്കല്‍ അര്‍ഹനായി. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് എട്ടുനോമ്പാചരണത്തിന്റെ ആദ്യദിനമായ നാളെ (സെപ്റ്റംബര്‍ ഒന്ന് ) ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് സമ്മാനിക്കുമെന്ന് മര്‍ത്ത്മറിയം ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാല് ഏക്കര്‍സ്ഥലത്തായി നടത്തുന്ന സമ്മിശ്രകൃഷി, തെങ്ങ്, കമുക്, കുരുമുളക്, ജാതി, പച്ചക്കറി ഇനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനായി പരിഗണിച്ചത്. കമുകിന്‍തോട്ടത്തില്‍ ചാലുകീറി നടത്തുന്ന മത്സ്യകൃഷി, അസോള എന്നിവ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു. ജാതി, കുരുമുളക്, വാഴ എന്നിവ സമ്മിശ്രവിളയായി നടത്തിയിട്ടുണ്ട്. ഒന്നര ഏക്കര്‍സ്ഥലത്ത് റബര്‍ കൃഷിയും നടത്തുന്നുണ്ട്. കാര്‍ഷികമേഖലയോട് ചേര്‍ന്ന് വളര്‍ത്തുമൃഗങ്ങളുമുണ്ട്. മത്സ്യക്കുളവും ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
മരങ്ങാട്ടുപിള്ളി കൃഷി ഓഫീസര്‍ പ്രീത പോള്‍, കരൂര്‍ കൃഷി ഓഫീസര്‍ നിഷ മേരി സിറിയക്, അതിരമ്പുഴ കൃഷി അസിസ്റ്റന്റ് സാബു ഒറ്റക്കണ്ടം എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
ഇടവകാതിര്‍ത്തിയില്‍നിന്നു ലഭിച്ച നൂറിലേറെ അപേക്ഷകളില്‍ നിന്നാണ് പോള്‍ കളപ്പുരയെ തെരഞ്ഞെടുത്തത്. കുര്യനാട് മുളയോലിക്കല്‍ ബേബി എം. സിറിയക്, കോഴാ ഈഴറേട്ട് ബേബി ആഗസ്തി, കോഴാ പൂയപ്പടത്തില്‍ പി.എം ദേവസ്യ, കുര്യം ആവിയില്‍ പോള്‍ ഇമ്മാനുവല്‍, കുര്യം വാഴപ്പള്ളില്‍ വി.കെ ജോസ്, പകലോമറ്റം പുളിന്താനത്ത് പി.പി ജോസഫ്, കുറവിലങ്ങാട് വണ്ടനാംതടത്തില്‍ ജയിംസ് വി. ലാസര്‍, കോഴാ വാഴത്തോട്ടത്തില്‍ തോമസ് മാത്യു എന്നിവര്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് നല്ലവിതക്കാരന്‍ പുരസ്‌കാര സമിതി ഭാരവാഹികളായ ഷൈജു പാവുത്തിയേല്‍, ജോര്‍ജ് ജി. ചെന്നേലില്‍, ജിയോ സിറിയക് കരികുളം എന്നിവര്‍ അറിയിച്ചു.

ദേവമാതാ മദര്‍തെരേസയുടെ 104-ാമത് ജന്മദിനം ആഘോഷിച്ചു

കുറവിലങ്ങാട്: അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ നൂറ്റിനാലാമത് ജന്മദിനം ദേവമാതാ കോളേജിലെ എന്‍. എസ്. എസ്. യൂണിറ്റ് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങള്‍ ശേഖരച്ചു. സമീപപ്രദേശത്തുള്ള അഗതിമന്ദിരങ്ങളിലെ അന്തേവാസിക ള്‍ക്ക് നല്കുന്നതിനായിട്ടാണ് വസ്ത്രങ്ങള്‍ സമാഹരിച്ചത്. കോളേജിലെ എല്ലാ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ സമാഹരിച്ച വസ്ത്രങ്ങള്‍ തരംതിരിച്ച് വിവിധ അഗതിമന്ദിരങ്ങളില്‍ എത്തിക്കാനാണ് എന്‍.എസ്.എസ് യൂണിറ്റ് ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ സഹോദരസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അവബോധം ഉളവാക്കാന്‍ ഉപയുക്തമാണ് ഇത്തരത്തിലുള്ള പരിപാടികള്‍ എന്ന് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അഭിപ്രായപ്പെട്ടു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിബി കുര്യന്‍, പ്രൊഫ. ദീപ്തി ജോണ്‍, വോളണ്ടിയര്‍ സെക്രട്ടറിമാരായ ജിക്‌സണ്‍ ജോസഫ്, അഞ്ജലി പി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ഡി പോളില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്: നസ്രത്തുഹില്‍ ഡി പോള്‍ സ്‌കൂളില്‍ പണിതീര്‍ത്ത ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് അറയ്ക്കല്‍ കോര്‍ട്ട് ആശീര്‍വദിച്ചു. സെക്രട്ടറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എസ്പി ജോസ് കുര്യന്‍ ആദ്യ സൗഹൃദ മത്സരം ഉദ്ഘാടനം ചെയ്തു. തേവര സേക്രട്ട് ഹാര്‍ട്ടും മുട്ടം ഷന്താള്‍ ജ്യോതിയുമാണ് ഏറ്റുമുട്ടിയത്. പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍, ബര്‍സാര്‍ ഫാ. തോമസ് പാണനാല്‍, പിടിഎ പ്രസിഡന്റ് സിറിയക് എ. പാറ്റാനി എന്നിവര്‍ പ്രസംഗിച്ചു.

റോഡ് സുരക്ഷാ പ്രോജക്ട് പ്രധാന പാതകളില്‍ നടപ്പാക്കും മോന്‍സ് ജോസഫ് എം.എല്‍.എ.

കുറവിലങ്ങാട്: കോട്ടയം – എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് കടുത്തുരുത്തി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന എല്ലാ പ്രധാന പാതകളേയും ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട എഞ്ചിനീയര്‍മാരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷയുടെ ഭാഗമായി പ്രധാന പാതകളില്‍ സെന്‍ട്രല്‍ ലൈന്‍ പുതുക്കി മാര്‍ക്കിംങ് നടത്തുന്നതിനും വിവിധ ജംഗ്ഷനുകളിലും സ്‌കൂളുകള്‍ക്ക് സമീപത്തും സീബ്ര ലൈനുകള്‍ വരയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള പുതിയ ദിശാബോര്‍ഡുകള്‍ പുനസ്ഥാപിക്കുന്നതാണ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷിതത്വത്തിനുവേണ്ടി കാഷ് ബാരിയറുകള്‍ സ്ഥാപിക്കും. റോഡിന്റെ സൈഡ്‌ലൈനുകളില്‍ രാത്രികാലങ്ങളില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റഡ് പതിപ്പിക്കുന്നത് ഫലപ്രദമായി നടപ്പാക്കും.
വെള്ളക്കെട്ടുമൂലം പ്രതിസന്ധിയുണ്ടാകുന്ന സ്ഥലങ്ങളില്‍ ഓടകള്‍ വൃത്തിയാക്കുന്നതിനും ഫുട്പാത്തുകള്‍ സുരക്ഷിതമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചിട്ടുള്ള റോഡുകളുടെ പാര്‍ശ്വവശങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നതുമൂലം അപകടാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതാണ്. റോഡിനിരുവശവും വളര്‍ന്നിട്ടുള്ള പള്ളകള്‍ നീക്കം ചെയ്യുന്നതിനും ഓടകള്‍ തെളിക്കുന്നതിനും നടപടി സ്വീകരിക്കാനും ജനോപകാരപ്രദമായ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തി.
കോട്ടയം – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പട്ടിത്താനം – കടുത്തുരുത്തി – വൈക്കം – പൂത്തോട്ട – കാഞ്ഞിരമറ്റം – തലപ്പാറ റോഡ്, തലയോലപ്പറമ്പ് – പെരുവ – ഇലഞ്ഞി – കൂത്താട്ടുകുളം റോഡ്, കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷന്‍ – തോട്ടുവാ – കോഴ – പാലാ റോഡ്, കടുത്തുരുത്തി – പെരുവ – പിറവം റോഡ്, മണര്‍കാട് – കിടങ്ങൂര്‍ – കടപ്ലാമറ്റം – മരങ്ങാട്ടുപള്ളി – ഉഴവൂര്‍ – വെളിയന്നൂര്‍ റോഡ്, മുളക്കുളം – കാരിക്കോട് – കീഴൂര്‍ – ആപ്പാഞ്ചിറ റോഡ്, കുറവിലങ്ങാട് – കുറുപ്പന്തറ – കല്ലറ – വെച്ചൂര്‍ റോഡ്, കാണക്കാരി – വെമ്പള്ളി – കുമ്മണ്ണൂര്‍ റോഡ് എന്നീ പ്രധാന പാതകളിലാണ് റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കെ.എസ്.ടി.പി. റോഡ് വികസന പദ്ധതിയില്‍ നടപ്പാക്കുന്ന പട്ടിത്താനം – കുറവിലങ്ങാട് – മോനിപ്പള്ളി – പുതുവേലി റോഡില്‍ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. കടുത്തുരുത്തി നിയോജകമണ്ഡലം സെക്ടറില്‍ ഉള്‍പ്പെട്ട എം.സി.റോഡ് വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ മാസം നടത്തുന്നതിന് തീരുമാനിച്ചു.
കോട്ടയം – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുകര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചതായി പി.ഡബ്ല്യു.ഡി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വിവിധ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ തലത്തില്‍ ഉടനെ തീരുമാനമെടുക്കുന്നതാണ്. ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നുപോയ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാലാവസ്ഥ പ്രയോജനപ്പെടുത്തി പരമാവധി വേഗത്തില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. റീ ടാറിംങ് നടത്തേണ്ട റോഡുകളുടെ പ്രാഥമിക പരിശോധന വകുപ്പുതലത്തില്‍ നടത്തി ഉടനെ ചേരാന്‍ പോകുന്ന കടുത്തുരുത്തി നിയോജകമണ്ഡലം സമഗ്രവികസന സെമിനാറില്‍ ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്ത് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വില്‍സണ്‍ ജോര്‍ജ്ജ്, അസ്സി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ബി.സാജന്‍, സിന്ധു പോള്‍, ബിന്ധു എന്‍., അസ്സി. എഞ്ചിനീയര്‍മാരായ തോമസ് (പാലാ), ഗിരീഷ് എസ് (കടുത്തുരുത്തി), റോമി ജെ ചിങ്ങംപറമ്പില്‍ (കുറവിലങ്ങാട്) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കടുത്തുരുത്തി മണ്ഡലത്തിലെ വികസന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം 27 ന് തിരുവനന്തപുരത്ത്

കുറവിലങ്ങാട്: തദ്ദേശസ്വയംഭരണ – സാമൂഹ്യ നീതി വകുപ്പുകളുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ പരിഗണിച്ചിരിക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഡോ. എം.കെ.മുനീറിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 27 ന് ഉച്ചകഴിഞ്ഞ് 2.30 ന് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
സംസ്ഥാനത്ത് ആദ്യത്തെ സംരംഭം എന്ന നിലയില്‍ കിലയുടെ റീജിയണല്‍ സെന്റര്‍ മദ്ധ്യ തിരുവിതാംകൂറില്‍ കടുത്തുരുത്തി മേഖലയില്‍ അനുവദിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
കോട്ടയം ജില്ലാടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ വൃദ്ധസദനം കടുത്തുരുത്തി മണ്ഡലത്തില്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളും പ്രത്യേകം വിലയിരുത്തുന്നതാണ്. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മോന്‍സ് ജോസഫ് എം.എല്‍.എ. പഞ്ചായത്ത് വകുപ്പുമന്ത്രി ഡോ.എം.കെ.മുനീറിന് നേരത്തെ സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്റേയും കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി വകുപ്പുതലത്തില്‍ നടത്തിവരുന്ന പരിശോധനകളുടേയും തുടര്‍ നടപടി എന്ന നിലയിലാണ് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.
ഇതൊടൊപ്പം കടുത്തുരുത്തി മണ്ഡലത്തില്‍ മരങ്ങാട്ടുപള്ളിയിലും കാണക്കാരിയിലും ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്ത് സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചിരിക്കുന്ന മാതൃകാ ആംഗന്‍വാടി കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത് സംബന്ധിച്ച ആവശ്യമായ തീരുമാനവും യോഗത്തില്‍ കൈക്കൊള്ളുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സംസ്ഥാന ജില്ലാ മേധാവികളും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നതാണ്.

പള്ളിയമ്പില്‍ ടൈറ്റസ് (60) നിര്യാതനായി.

കുറവിലങ്ങാട്: പള്ളിയമ്പില്‍ ടൈറ്റസ് (60) നിര്യാതനായി. സംസ്‌കാരം ബുധന്‍ 11.30ന് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. ഭാര്യ തിരുവനന്തപുരം ഓടന്‍വിള പുത്തന്‍വീട്ടില്‍ ഓമന. മക്കള്‍: വിനോദ്, സുനു, ഷൈലജ. മരുമക്കള്‍: സിജി, സജിന്‍, സെല്‍വരാജ്. സഹോദരങ്ങള്‍: മണി, ഓമന, സരോജം, വില്‍സണ്‍.

സിബിഎസ്ഇ വോളി ഡി പോളിന് കിരീടം

കുറവിലങ്ങാട്: സിബിഎസ്ഇ വോളിയില്‍ വനിതകളുടെ വിഭാഗത്തില്‍ രണ്ടാംതവണയും ഡി പോളിന് കിരീടം. വിജയികളെ പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ അനുമോദിച്ചു.

മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി വിദ്യാര്‍ത്ഥികള്‍

കുറവിലങ്ങാട്: കണ്ണീരിന്റെ കയ്പും സന്തോഷത്തിന്റെ മധുരവുമുള്ള അക്ഷരങ്ങളില്‍ അവരെഴുതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍. നമ്മുടെ നാട്ടില്‍ നിന്ന് മദ്യത്തെ തുരത്താന്‍ നടപടി സ്വീകരിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍. കത്തിടപാടുകള്‍ അന്യമാകുന്ന കാലത്ത് പോസ്റ്റുകാര്‍ഡില്‍ ഇങ്ങനെ അക്ഷരങ്ങള്‍ കുറിച്ചിട്ടത് ഒന്നും രണ്ടും വിദ്യാര്‍ത്ഥികളല്ല. ആയിരത്തിലേറെ കുട്ടികള്‍. പാഠ്യമേഖലയില്‍ കരുത്തരായ കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ശ്രദ്ധേയരായത്.
മദ്യത്തിന്റെ ദുരന്തഫലങ്ങളറിയുന്നവരും കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരുമായ വിദ്യാര്‍ത്ഥികളുണ്ടായിരുന്നുവെന്നത് അക്ഷരങ്ങളിലേയ്ക്ക് ജീവിതത്തിന്റെ കയ്പും മദ്യനിയന്ത്രണത്തിലൂടെ ലഭ്യമാകുന്ന സന്തോഷത്തിന്റെ ആവേശവും പ്രതിഫലിപ്പിക്കാനിടയാക്കി. കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.ഡി കേശവന്‍ നമ്പൂതിരി, മരങ്ങാട്ടുപിള്ളി എസ്‌ഐ കെ.എ ജോര്‍ജ്കുട്ടി, പ്രിന്‍സിപ്പല്‍ സജിമോള്‍ പി. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.എന്‍ സിന്ധു, ശിവദാസന്‍പിള്ള, എസ്‌ഐ കെ.ടി തോമസ്, ബിജു കെ. തോമസ്, വിശാല്‍കുമാര്‍, ജി. ബിനു, പി.ജി ശ്രീജിത്ത്, വേണുഗോപാലന്‍നായര്‍, എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

എട്ടുനോമ്പില്‍ എട്ടുവീടുകള്‍ സമര്‍പ്പിച്ച് കുറവിലങ്ങാട് ഇടവക

കുറവിലങ്ങാട്: ദൈവമാതാവിന്റെ ജനനതിരുനാളിനൊരുക്കമായിട്ടുള്ള എട്ടുനോമ്പില്‍ നിര്‍ധന കുടുബങ്ങള്‍ക്കായി എട്ട് വീടുകള്‍ സമ്മാനിച്ച് കുറവിലങ്ങാട് ഇടവക സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നു. ഇടവകാതിര്‍ത്തിയില്‍ വാസയോഗ്യമായ വീടില്ലാത്ത എട്ടുകുടുംബങ്ങള്‍ക്കാണ് ഇടവക ആശ്രയമാകുന്നത്. കഴിഞ്ഞ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് ലക്ഷ്യമിട്ട മുത്തിയമ്മയ്‌ക്കൊരു വീട് പദ്ധതിയില്‍ ഇതിനോടകം 37 വീടുകള്‍ കൈമാറികഴിഞ്ഞു. നോമ്പ് നാളുകളില്‍ സമര്‍പ്പിക്കുന്ന എട്ടുവീടുകള്‍ക്കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 45 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇടവക സമൂഹം. ഇടവകാതിര്‍ത്തിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടെന്ന ലക്ഷ്യമിട്ടാണ് മുത്തിയമ്മയ്‌ക്കൊരു വീട് എന്ന പദ്ധതി തുടക്കമിട്ടത്. നാനൂറോളം വീടുകള്‍ ഇത്തരത്തില്‍ ക്രമീകരിക്കാനാണ് ഇടവക സമൂഹം തീരുമാനിച്ചിരിക്കുന്നത്. നോമ്പിനൊപ്പം സഹജീവികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാനുള്ള തീരുമാനം കഴിഞ്ഞ തിരുനാള്‍ ദിനങ്ങളില്‍തന്നെ ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
ആഘോഷങ്ങള്‍ ഒഴിവാക്കിയും ആഘോഷങ്ങള്‍ക്കൊപ്പം ഒരു തുക മാറ്റിവെച്ചും ദശാശം സമ്മാനിച്ചും പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളോടനുബന്ധിച്ചും വിവിധ വാര്‍ഷികങ്ങളിലും വിജയവേളകളിലുമൊക്കെയാണ് ഇടവക സമൂഹം മുത്തിയമ്മയ്‌ക്കൊരു വീട് പദ്ധതിയില്‍ പങ്കാളികളാകുന്നത് എന്നത് പദ്ധതി നിര്‍വഹണത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുവെന്ന് ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പദ്ധതിയോട് സഹകരിക്കുന്നുണ്ട്. മനസറിഞ്ഞുള്ള സഹായമെന്നതാണ് പദ്ധതിയുടെ ഏറെ പ്രത്യേകത. ഇടവകയിലെ 87 കുടുംബകൂട്ടായ്മകളുടെ സജീവമായ പങ്കാളിത്തവും മുത്തിയമ്മയ്‌ക്കൊരു വീട് പദ്ധതിയിലുണ്ട്. വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ സഹവികാരിമാരായ ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍, ട്രസ്റ്റിമാര്‍, യോഗപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നിര്‍വഹണം.