കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: March 2014

കടുത്തുരുത്തി മണ്ഡലത്തില്‍ ജോസ് കെ. മാണിക്ക് ഉജ്ജ്വല വരവേല്‍പ്പ്

കുറവിലങ്ങാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിക്ക് കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകളില്‍ ഉജ്ജ്വല വരവേല്‍പ്പ്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സ്വീകരണമേറ്റുവാങ്ങിയാണ് സ്ഥാനാര്‍ത്ഥി ഓരോ പോയിന്റുകളിലും നിന്നും അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങിയത്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ പര്യടനമെന്ന പ്രത്യേകതയും ഇന്നലെയുണ്ടായിരുന്നു.
മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രാദേശിക നേതാക്കളുടെ സജീവസാന്നിധ്യം പര്യടനത്തിലുടനീളം കാണാമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ സ്വീകരണ പോയിന്റുകളിലേക്കുള്ള വഴികളില്‍ കാത്തുനിന്നിരുന്നു. കുരുന്നുകളടക്കം കരങ്ങള്‍ വീശി സ്ഥാനാര്‍ത്ഥിയെ വരവേറ്റത് മുന്നണി പ്രവര്‍ത്തകരെ ആവേശത്തിലാക്കി. മാലയിട്ടും ഹസ്തദാനം നടത്തിയും സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണയറിയിച്ചു. ഇനിയും കൂടെയുണ്ടാവണമെന്നും കൂടുതല്‍ വികസനമെത്തിക്കണമെന്നും തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാനും വോട്ടര്‍മാര്‍ ആവേശം കാണിക്കുന്നുണ്ടായിരുന്നു. വോട്ടര്‍മാരുടെ ആവേശം കണക്കിലെടുത്തെന്നോണം ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി വാഹനത്തില്‍ നിന്നിറങ്ങി വോട്ടര്‍മാരുടെ പക്കലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു. മുന്‍കൂട്ടി നിശ്ചയിക്കാത്ത സ്ഥലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥിയെ കാത്ത് വനിതാ വോട്ടര്‍മാരടക്കമുള്ളവര്‍ നില്‍പ്പുണ്ടായിരുന്നു. വികസനത്തിന്റെ തുടര്‍ച്ചയുണ്ടാകണെമെന്ന ആവശ്യമാണ് സ്വീകരണ സ്ഥലങ്ങളില്‍ നേതൃത്വം മുന്നോട്ടുവെച്ചത്.
മരങ്ങാട്ടുപിള്ളിയില്‍ നടന്ന സ്വീകരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, എം.എം തോമസ്, ജോണ്‍സണ്‍ പുളിക്കീല്‍, ഹോര്‍മിസ് ജേക്കബ്, പ്രസീദ സജീവ്, പോള്‍സണ്‍ തടിയനാനിക്കല്‍, ജോയി പി. ഐസക്, സിറിയക് മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിന്‍, നിര്‍മ്മല ദിവാകരന്‍, ലിസി ജോയി, സുജ കുര്യാക്കോസ്, മോളി ജോസഫ്, വി.ജെ ജോര്‍ജ്, ഡയസ് മാത്യു, എ.ജെ സാബു, സനല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉഴവൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു, പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് വടക്കേല്‍, പി.എല്‍ ഏബ്രാഹം, ഡോ. സി.ജെ ജോസഫ്, ടോമി കന്നുംകുളമ്പില്‍, ബേബി കാനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കടപ്ലാമറ്റത്ത് ചോതി കെ. ഗോപി, തോമസ് ടി. കീപ്പുറം, തോമസ് പുളിക്കിയില്‍, സി.സി മൈക്കിള്‍, ടി. കെ മോഹനന്‍, യൂജിന്‍ കൂവള്ളൂര്‍, അഭിലാഷ് പനന്താനം, ജോസ് പാണ്ടംതടം, ജയിംസ് വെട്ടം, ഇ.ജെ ജോണ്‍, മേരി ലൂക്കോസ്, കെ.എ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുറവിലങ്ങാട്ട് അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് രണ്ടുമുതല്‍

കുറവിലങ്ങാട്: ബാഡ്മിന്റണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ പഞ്ഞാക്കീല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ക്ലബ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.എസ് രാജീവ്കുമാര്‍ പത്രസമ്മേളനത്തിലറിയിച്ചു. സംസ്ഥാനത്തെ പ്രമുഖരായ 48 ടീമുകള്‍ പങ്കെടുക്കും. രണ്ടിന് ആറിന് ഒളിംപ്യന്‍ ജോബി മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് സജീവ് കുമാര്‍ കണിയാംകുന്നേല്‍ അധ്യക്ഷത വഹിക്കും. ആറിന് സമ്മാനദാനം നടത്തും.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് 50 എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികളും കുട, ബാഗ് എന്നിവയും സൗജന്യമായി വിതരണം ചെയ്യുമെന്നും അഡ്വ. കെ.എസ് രാജീവ് കുമാര്‍ അറിയിച്ചു.

സ്‌നേഹവീട് സമ്മാനിച്ചു

ഉഴവൂര്‍ ഒഎല്‍എല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പുതുപറമ്പിലും എന്‍എസ്എസ് സംസ്ഥാന ലെയ്‌സണ്‍ ഓഫീസര്‍ ഡോ. കെ. പ്രകാശും ചേര്‍ന്ന് നിര്‍വഹിക്കുന്നു. പഞ്ചായത്തംഗം ഡോ. സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് വടക്കേല്‍, എന്‍എസ്എസ് പ്രൊജക്ട് ഓഫീസര്‍ സാമുവല്‍ ചെല്ലയ്യ, പ്രിന്‍സിപ്പല്‍ എന്‍. എം കുര്യന്‍ എന്നിവര്‍ സമീപം.

വെള്ളൂര്‍-വെളിയന്നൂര്‍ പദ്ധതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഉഴവൂര്‍: പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുടിവെള്ളത്തിനായി സമരം. വെള്ളൂര്‍-വെളിയന്നൂര്‍ പദ്ധതിയില്‍ ശുദ്ധജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടക്കോലി നിവാസികളാണ് സമരവുമായി രംഗത്തിറങ്ങിയത്. സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയത് നീക്കി. സാജു കുഴിയടി, ഇ.എന്‍ രാജു, ഡോ. സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

കുറവിലങ്ങാട്ട് തെരുവ് വിളക്കിനെ ചൊല്ലിയും വിവാദം

കുറവിലങ്ങാട്: പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ ചര്‍ച്ചകള്‍ തെരുവ് വിളക്കിനെ ചൊല്ലിയാണ്. പാര്‍ലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊന്നിനും ഇവിടെ ഇപ്പോള്‍ സാധ്യതയില്ലാത്ത വിധം ഭരണപക്ഷം തെരുവ് വിളക്കിനെ ചൊല്ലി ഹൈ വോള്‍ട്ടേജില്‍ ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ചയില്‍ പ്രതിസ്ഥാനത്തും വാദി സ്ഥാനത്തും നിറുത്തുന്നത് ഭരണപക്ഷ പഞ്ചായത്തംഗങ്ങള്‍ തന്നെയാണെന്നത് ഭരണപക്ഷമായ ഇടതുമുന്നണിയിലെ ഭിന്നത മറനീക്കുകയും ചെയ്യുന്നു.
പഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന പരാതി സജീവമായതോടയാണ് വിളക്കുകള്‍ വാങ്ങിയെത്തിച്ചത്. ആദ്യഘട്ടമെത്തിച്ച 195 ലൈറ്റുകളില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രണ്ട് അംഗങ്ങള്‍ ചേര്‍ന്ന് 25 ലൈറ്റുകള്‍ എടുത്തുമാറ്റി. ഇതു സംബന്ധിച്ച് അല്ലറ ചില്ലറ സംസാരമുണ്ടായതൊഴിച്ചാല്‍ ഭരണപക്ഷം കണ്ണടച്ചു. എടുത്ത ലൈറ്റുകള്‍ സ്വന്തം കീശയില്‍ നിന്ന് പണംമുടക്കി സ്ഥാപിച്ചതോടെ ഈ മെംബര്‍മാര്‍ക്കെതിരെ ഒന്നുംമിണ്ടാനില്ലാത്ത അവസ്ഥയുമെത്തി.
ഇപ്പോള്‍ പുതുതായി എത്തിച്ച 200 ലൈറ്റുകളില്‍ 45 എണ്ണം ഇതേ അംഗങ്ങള്‍തന്നെ എടുത്തുമാറ്റിയതോടെയാണ് പ്രശ്‌നം സജീവ ചര്‍ച്ചയായത്. ലൈറ്റുകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് പൂട്ടുപൊളിച്ച് ലൈറ്റെടുത്തതെന്ന് ലൈറ്റെടുത്ത മെംബര്‍മാര്‍ പറയുന്നു. പൂട്ടുപൊളിച്ച് ലൈറ്റെടുത്ത ശേഷം പുതിയ താഴിട്ട് പൂട്ടി താക്കേല്‍ സെക്രട്ടറിയെ ഏല്‍പ്പിച്ചതായും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ പൂട്ടുപൊളിക്കുകയും അനധികൃതമായി പഞ്ചായത്തിന്റെ ലൈറ്റുകള്‍ എടുത്തുമാറ്റുകയും ചെയ്തത് കുറ്റകരമാണെന്ന് ഭരണപക്ഷത്തുനിന്നുതന്നെ വാദഗതികള്‍ ഉയരുന്നുണ്ട്.
തുല്യഅംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ ഭരണപക്ഷത്തെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പ്രതിപക്ഷത്തെ ഒരംഗവും ചേര്‍ന്നാണ് ലൈറ്റുകള്‍ രണ്ടുതവണയും എടുത്തത്. ഇപ്പോഴത്തെ പ്രവര്‍ത്തനംമടക്കം പലതവണ ഭരണപക്ഷത്തിനെതിരെ പരസ്യപ്രതിപതിക്ഷേധവും നിപലപാടുകളും ഭരണപക്ഷ അംഗം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിനെതിരെ ചെറുവിരലനക്കാന്‍ ഭരണപക്ഷം ഭയപ്പെടുകയാണ്. നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണസമിതി ഇയാളുടെ പിന്തുണ നഷ്ടപ്പെട്ടാന്‍ താഴെയിറങ്ങുമെന്നതാണ് ഭരണപക്ഷ നേതൃത്വത്തിന്റെ മൗനത്തിന് കാരണം. പ്രതിപക്ഷ നേതൃതവുമായി അത്ര സ്വരച്ചേര്‍ച്ചയില്ലാത്ത അംഗമാണ് ഭരണപക്ഷത്തെ ചെയര്‍മാന് പിന്തുണ നല്‍കിയിരിക്കുന്നത്.
ഭരണപക്ഷത്ത് ഭിന്നിപ്പ് പ്രകടമാണെങ്കിലും വെറുതെ തന്നാലും ഭരണം വേണ്ടെന്ന രീതിയിലാണ് പ്രതിപക്ഷമെന്നാണ് പിന്നാമ്പുറ സംസാരം. തെരുവ് വിളക്കിനെ ചൊല്ലി ഭരണപക്ഷഅംഗമടക്കം ആക്ഷേപം ഉന്നയിക്കുമ്പോളും വെളിച്ചമോ ആര്‍ക്ക് പരാതി എന്നതാണ് പ്രതിപക്ഷമായ യുഡിഎഫ് നിലപാടെടുക്കുന്നതെന്നും പറയുന്നു. വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്‌തെങ്കിലും തീരുമാനങ്ങള്‍ക്കപ്പുറം നിസഹായ അവസ്ഥയാണ് പ്രകടമായതെന്നാണ് പറയുന്നത്.

സായാഹ്നത്തിന് ഭക്തിയുടെ ശോഭ പീഡാനുഭവ സ്മരണയില്‍ നിറഞ്ഞ് ആയിരങ്ങള്‍

കുറവിലങ്ങാട്: നോമ്പിന്റെ പുണ്യവുമായി കുരിശിന്റെ വഴിയില്‍ അണിചേരാന്‍ ആയിരങ്ങള്‍. ക്രിസതുനാഥന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകള്‍ ധ്യാനവിഷയങ്ങളാക്കി ആയിരങ്ങള്‍ അണിചേര്‍ന്നപ്പോള്‍ നാടിനത് ഭക്തിയുടെ പുത്തന്‍ അനുഭവവുമായി. നാടിന്റെ എട്ടുഭാഗങ്ങളില്‍ നിന്നാണ് വിശ്വാസികള്‍ ആഘോഷമായ കുരിശിന്റെ വഴി നടത്തി ഇടവക ദേവാലയത്തിലെത്തിച്ചേര്‍ന്നത്. ചിലഗ്രമങ്ങളില്‍ നിന്നുള്ള കുരിശിന്റെ വഴി അതേമേഖലയിലുള്ള തീര്‍ത്ഥയാത്രയുമായി സംഗമിച്ച് നീങ്ങുമ്പോള്‍ അക്ഷരാര്‍ത്ഥത്തിലത് ഭക്തസാഗരമായി മാറി. നാടൊന്നാകെ പീഡാനുഭവ സ്മരണകളില്‍ നിറഞ്ഞ് ഇടവക ദേവാലയത്തിലേക്ക് ഒഴുകിയെത്തുമ്പോള്‍ നാടിന്റെ ഇന്നലത്തെ സായാഹ്നം ഭക്തിയുടെ പ്രശോഭയില്‍ നിറയുകയായിരുന്നു.
വിവിധ കരകളില്‍ നിന്ന് പീഡാനുഭവ വിഷയങ്ങള്‍ ധ്യാനിച്ച് പ്രാര്‍ത്ഥനയില്‍ നിറഞ്ഞ് ഇടവക ദേവാലയത്തിലേക്ക് എത്തുന്നത് ഇതാദ്യമായാണ്. നാടിന്റെ ആത്മീയ മുന്നേറ്റത്തിന് വഴിയൊരുക്കിയ സ്ലീവാപ്പാത നാടിന്റെ കെട്ടുറപ്പിനും പുതിയ വഴിതുറന്നു.
ഇടവകദേവാലയത്തില്‍ വടവാതൂര്‍ സെമിനാരി പ്രഫ. റവ.ഡോ. പോളി മണിയാട്ട് സന്ദേശം നല്‍കി. ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുപിഎ വീണ്ടും അധികാരത്തിലെത്തും: മോന്‍സ് ജോസഫ്

വെളിയന്നൂര്‍: ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോഴും രാജ്യത്തെ സാമ്പത്തിക ഭദ്രതയില്‍ മുന്നോട്ടുനയിച്ച യുപിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നാടിന്റെ പുരോഗതിക്കായി ജോസ് കെ. മാണി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെയാണെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.
എം.എന്‍ രാമകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. സണ്ണി പുതിയിടം, വി.എം പോള്‍, സഖറിയാസ് കുതിരവേലി, യു.പി ചാക്കപ്പന്‍, പ്രഫ. ജോയി മുപ്രാപ്പിള്ളില്‍, പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ജോസഫ്, സി.പി ജോയി, ജോമോന്‍ ജോണി എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപക സംഘം ഓഫീസ് വ്യാഴാഴ്ച തുറക്കും

കുറവിലങ്ങാട്: ഇടനാട് അധ്യപക സഹകരണ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. നാളെ 11.30ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ഉദ്ഘാടനം നിര്‍വഹിക്കും. സംഘം പ്രസിഡന്റ് സി.ആര്‍ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി, ലീലാമ്മ തോമസ്, കെ.കെ. ശശികുമാര്‍, പ്രഫ. പി.ജെ സിറിയക്, കെ.പി മുകുന്ദന്‍, എസ്. കൃഷ്ണന്‍കുട്ടി നായര്‍, ടോണി പെട്ടയ്ക്കാട്ട്, പ്രഫ. സി.എ അഗസ്റ്റിന്‍, എം.എം ജോസുകുട്ടി, ജെ. പ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
………………

മാത്യു ടി തോമസ് ഇന്ന് കടുത്തുരുത്തി മണ്ഡലത്തില്‍

കുറവിലങ്ങാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു ടി. തോമസ് ഇന്ന് കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഒന്നാംഘട്ട പര്യടനം നടത്തും. ഇന്ന് എട്ടിന് കട്ടച്ചിറയില്‍ നിന്ന പര്യടനം ആരംഭിക്കും. വയല, മരങ്ങാട്ടുപിള്ളി, കുറിച്ചിത്താനം, മോനിപ്പള്ളി, ഉഴവൂര്‍, വെളിയന്നൂര്‍, കുര്യനാട്, കോഴാ, കുറവിലങ്ങാട്, നസ്രത്തുഹില്‍, വെമ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വട്ടുകുളത്ത് സമാപിക്കും.

റബ്ബര്‍ഇറക്കുമതിയിലൂടെ പതിനോരായിരം കോടിരൂപയുടെ നഷ്ടം ഉണ്ടായതായി സി പി എം പോളിറ്റ്ബ്യൂറോഅംഗം എസ് രാമചന്ദ്രന്‍പിള്ള.

ഉഴവൂര്‍: രാജ്യത്തെ അഞ്ചോ ആറോ കോര്‍പ്പറേറ്റ് ടയര്‍വ്യവസായികള്‍ക്കുവേണ്ടി ഇന്ത്യയിലേക്ക് നടത്തിയ റബ്ബര്‍ഇറക്കുമതിയിലൂടെ പതിനോരായിരം കോടിരൂപയുടെ നഷ്ടം ഉണ്ടായതായി സി പി എം പോളിറ്റ്ബ്യൂറോഅംഗം എസ് രാമചന്ദ്രന്‍പിള്ള.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാത്യുടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് ഉഴവൂരില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കഴിഞ്ഞ 30 വര്‍ഷത്തിനിടയിലുണ്ടായ അത്യാഅഗാഥമായ കാര്‍ഷീകപ്രതിസന്ധിയാണ് ഉണ്ടായത് മൂന്ന് ലക്ഷം കൃഷിക്കാരാണ് കടക്കെണിയിലായി ആത്മഹത്യചെയ്തത് യു പി എയുടെ ഭരണത്തിന്റഫലമായി ചികിത്സാ വിദ്യാഭ്യസചിലവുകള്‍ വര്‍ദ്ധിച്ചുമള്‍ട്ടിബില്ല്യണ്‍ ബിസ്സിനസ് മേഖലയായി ചികിത്സാരംഗം മാറി.
21 ലക്ഷം കോടിരൂപയുടെ നികുതിസൗജന്യമാണ് രാജ്യത്തേകോര്‍പ്പറേറ്റുകള്‍ക്ക് യുപിഎ നല്‍കിയത്.വനവും,ഖനികളും,നദികളും,ഭൂമിയും ധനികര്‍ക്ക് പതിച്ചുനല്‍കുന്നഭരണമാണ് രാജ്യത്ത് നടന്നത് കൃഷ്ണാഗോദാവരിനദീതടത്തിലെ ഖനികള്‍,ടൂജിസ്പക്ട്രം,വിമാനത്താവളം, സ്‌പോട്‌സ് രംഗങ്ങളില്‍ നടത്തിയഅഴിമതിയിലൂടെ ആറുലക്ഷംകോടിയുടെ അഴിമതിയാണ് ഭരണാധികാരികള്‍നടത്തിയത്
ബിജെപിയോടും മോദിയോടുമൊപ്പം കൂട്ടയോട്ടംനടത്തുന്ന കേരളാകോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനുശേഷം എവിടെനില്‍ക്കുമെന്ന് വ്യക്തമാക്കണമെന്ന് എസ് ആര്‍ പി ആവശ്യപ്പെട്ടു. സണ്ണി ആനാലില്‍ അധ്യക്ഷനായിരുന്നു ഉഴവൂര്‍വിജയന്‍, പി വി സുനില്‍, കെകെ രാമഭദ്രന്‍, ഔസേപ്പച്ചന്‍തകടിയേല്‍, ഷെറിമാത്യു എന്നിവര്‍ പ്രസംഗിച്ചു.

മാത്യു ടിയുടെ പ്രചാരണത്തിന് 29ന് വിഎസ് പാലായില്‍

എല്‍ഡിഎഫ് റാലിയും സമ്മേളനവും ആവേശമാകും
പാലാ: കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ 29ന് പാലായില്‍ എത്തും. അന്നേ ദിവസം പകല്‍ മൂന്നിന് നടക്കുന്ന എല്‍ഡിഎഫ് റാലിയോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനതില്‍ വിഎസ് പ്രസംഗിക്കും. സ്ഥാനാര്‍ഥി മാത്യു ടി തോമസും പ്രമുഖ എല്‍ഡിഎഫ് നേതാക്കളും യോഗത്തില്‍ പ്രസിംഗിക്കും. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി വരും ദിവസങ്ങളില്‍ മറ്റ് പമുഖ എല്‍ഡിഎഫ് നേതാക്കളും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.