കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: January 2014

റോഡ് സുരക്ഷയില്‍ നാടുണര്‍ത്തി വിദ്യാര്‍ത്ഥി ചങ്ങല

കുറവിലങ്ങാട്: റോഡ് സുരക്ഷയുടെ ആവശ്യകത വിളിച്ചോതി വിദ്യാര്‍ത്ഥി സംഘം നിരത്തിലിറങ്ങി ചങ്ങലകണ്ണികളായി. ഒന്നരകിലോമീറ്ററോളം നീളത്തില്‍ കുരുന്നുകരങ്ങള്‍ കോര്‍ത്ത് നീങ്ങിയത് ചരിത്രവുമായി. ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിന്റെ നേതൃത്വത്തിലാണ് അയ്യായ്യിരത്തോളം കുരുന്നുകള്‍ അഞ്ച് കിലോമീറ്ററോളം ദൂരത്തില്‍ കൈകള്‍ കോര്‍ത്ത് ചങ്ങല തീര്‍ത്തത്. നാടിന്റെ മനസുണര്‍ത്തിയ കുരുന്നുകള്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘവും മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കുറവിലങ്ങാട്ടെ സ്‌കൂളുകളുടെ മാനേജര്‍ ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിലിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. കുരുന്നുകളുടെ കരങ്ങള്‍ കോര്‍ത്താണ് മുതിര്‍ന്നതലമുറ പിന്തുണയറിച്ചതെന്നതും ഏറെ ശ്രദ്ധേയമായി.
25-ാമത് ദേശീയ ട്രാഫിക് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട്ട് മനുഷ്യചങ്ങല തീര്‍ത്തത്. കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ്, സെന്റ് മേരീസ് ബോയ്‌സ്, സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി, മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ, നസ്രത്ത്ഹില്‍ ഡിപോള്‍, ഉഴവൂര്‍ ഒഎല്‍എല്‍, പാഴുത്തുരുത്ത് എസ്‌കെപിഎസ്, കുറിച്ചിത്താനം ശ്രീകൃഷ്ണ, കുര്യനാട് സെന്റ് ആന്‍സ് സ്‌കൂളുകളില്‍ നിന്നുള്ളവിദ്യാര്‍ത്ഥികളാണ് കുറവിലങ്ങാട് പള്ളിക്കവലയില്‍ നിന്ന് ആരംഭിച്ച് കുര്യനാട് അവസാനിച്ച ചങ്ങലയില്‍ കണ്ണികളായത്.
പരിപാടി മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ അജിത്കുമാര്‍, കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, കോട്ടയം ആര്‍ടിഒ ടി.ജെ തോമസ്, ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എം മാത്യു, എഇഒ ഏലിയാമ്മ മാത്യു, വിവിധ ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങലയില്‍ പങ്കെടുത്ത് റോഡ് സുരക്ഷയ്ക്കായി പ്രതിജ്ഞയെടുത്തു.

മുത്തോലപുരം അരഞ്ഞാണി ഓലിക്കല്‍ ചിന്നമ്മ മാത്യു നിര്യാതയായി.

മോനിപ്പള്ളി: മുത്തോലപുരം അരഞ്ഞാണി ഓലിക്കല്‍ പി.എ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (65) നിര്യാതയായി. സംസ്‌കാരം നാളെ (18 ശനി) മൂന്നിന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഇലഞ്ഞി അരീക്കാട്ടേല്‍ കുടുംബാംഗമാണ്. മകന്‍: എബി മാത്യു (വിപ്രോ, എറണാകുളം). മരുമകള്‍: കരോളിന്‍ എബി അവുപ്പാടന്‍, മഞ്ഞപ്ര (ടിസിഎസ്, എറണാകുളം).

സെന്റ് ആന്‍സ് സ്‌കൂള്‍ വാര്‍ഷികം

കുര്യനാട്: സെന്റ് ആന്‍സ് സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന് 10ന് നടക്കും. അധ്യാപകരായ ടോമി സിറിയക്, ബേബി ജോസഫ്, ക്ലാര്‍ക്ക് ജോര്‍ജ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഫിലിപ്പ് നെച്ചിക്കാട്ട് സിഎംഐ അധ്യക്ഷത വഹിക്കും. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജില്‍സണ്‍ ജോണ്‍ സിഎംഐ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ വെങ്ങത്താനം സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തും.

ഗതാഗത നിയമം പാലിച്ചവര്‍ക്ക് മധുരം നല്‍കി വിദ്യാര്‍ത്ഥികള്‍

ഉഴവൂര്‍: ഗതാഗത നിയമം പാലിച്ചവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വക മധുരം.
ഉഴവൂര്‍ സെന്റ് ജോവാനാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ ബൈക്ക് യത്രക്കാര്‍ക്കും, സീറ്റ്‌ബെല്‍ട്ടിട്ട ഡ്രൈവര്‍മാര്‍ക്കും മിഠായിയുമായി നിരത്തിലിറങ്ങിയത്. കൊള്ളാം, അഭിന്ദനങ്ങള്‍ എന്നിങ്ങനെ വാക്കുകളിലൂടെയുള്ള അനുമോദനവും വിദ്യാര്‍ത്ഥികള്‍ കലവറയില്ലാതെ കൈമാറി.
25 ാമത് ട്രാഫിക്ക് വാരാചരണ പരിപാടികളുടെ ഭാഗമായി ഉഴവൂര്‍ ജോയിന്റ് ആര്‍.ടി.ഒ. ഓഫീസും, സെന്റ് ജോവാനാസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയാണ് വാഹനങ്ങളിലെത്തിയവരെ തെല്ല് അമ്പരപ്പിച്ചത്. എംവിഐ റോയി തോമസ്, എഎംവിമാരായ കെ.കെ സുരേഷ്‌കുമാര്‍, പി.എസ് ശ്രീജിത്ത് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ മധുരം നല്‍കുന്നതിനിടെ നിയമം ലംഘിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ പിഴയും ചുമത്തി. സ്‌കൂള്‍ ലീഡര്‍ മഹിമാ സ്റ്റീഫന്‍, അലീന ലൂക്ക്, ജീന ജോസ്, ആതിരാ സി. ചന്ദ്രന്‍, മെര്‍ളിന്‍ മേരി ജോസ്, സ്റ്റീഫന്‍ മാത്യൂ, അമല്‍ റ്റോം, ബിനു മനോജ്, വി.റ്റി പ്രണവ് തുടങ്ങിയ കുട്ടികളാണ് ബോധവല്‍ക്കരണത്തില്‍ പങ്കെടുത്തത്.

കുറവിലങ്ങാട് പള്ളിയില്‍ പത്താംതിയതി തിരുനാളിന് കൊടിയേറി

കുറവിലങ്ങാട്: മതസൗഹാര്‍ദ്ദത്തിന്റെ നേരനുഭവവുമായി പത്താംതിയതി തിരുനാളിന് തുടക്കമായി. മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ പത്താംതിയതി തിരുനാളെന്ന് അറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളെന്നാല്‍ നാടിന്റെ ഒന്നാകെയുള്ള ആഘോഷമാണ്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസന്നിധിയിലേക്ക് നാടൊന്നാകെ ഒഴുകിയെത്തുന്നതോടെ ജാതിയുടേയും മതത്തിന്റെ വേലിക്കെട്ടുകള്‍ അലിഞ്ഞില്ലാതാകുന്നുവെന്നതാണ് ആഘോഷത്തിന്റെ വലിയ പ്രത്യേകത.
പട്ടിണി, പകര്‍ച്ചവ്യാധികള്‍ എന്നിവയില്‍ നിന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥതയാല്‍ മോചനം ലഭിക്കുമെന്ന ഉറച്ചനിലപാടാണ് വിശ്വാസസമൂഹത്തിനുള്ളത്. വിശുദ്ധന്റെ മധ്യസ്ഥം തേടി കഴുന്നെടുത്ത് കുരിശിന്‍തൊട്ടിയിലെത്തി പ്രാര്‍ത്ഥിച്ച് വിശുദ്ധന്റെ തിരുസ്വരൂപത്തില്‍ നേര്‍ച്ചക്കാഴ്ചകളര്‍പ്പിച്ച് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്ന പതിവാണ് വിശ്വാസസമൂഹത്തിനുള്ളത്.
വിശുദ്ധന്റെ അനുഗ്രഹം തേടാനായി കഴുന്ന് വീടുകളിലെത്തിച്ച് പ്രാര്‍ത്ഥിച്ച് ആഘോഷമായി തിരികെ പള്ളിയിലെത്തിക്കുന്ന പ്രദക്ഷിണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നാടിന് പുതിയ ആത്മീയത സമ്മാനിക്കുകയാണ്. നാനാജാതി മതസ്ഥരായ ജനങ്ങളുടെ നേതൃത്വത്തില്‍ ചെറിയ കൂട്ടങ്ങളായാണ് കഴുന്നുകള്‍ എത്തിക്കുന്നതെന്നത് ഗ്രാമങ്ങളുടെ മതമൈത്രി ഊട്ടിയുറപ്പിക്കുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും വാദ്യഘോഷങ്ങളും നാടിന് വലിയ ആഘോഷത്തനിമ സമ്മാനിക്കുന്നുണ്ട്. വിശുദ്ധന്റെ അനുഗ്രഹം തേടി ദൂരസ്ഥലങ്ങളില്‍ നിന്നടക്കം ആയിരങ്ങള്‍ എത്തുന്ന പതിവുമുണ്ട്.
വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ തിരുനാള്‍ കൊടിയേറ്റി. നാലുമുതല്‍ 5.15വരെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തില്‍ എത്തിച്ചേരും. 5.15ന് റംശാ. 5.45ന് ഫാ. മാത്യു മുളങ്ങാശേരി വിശുദ്ധ കൂര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. നെവേനയും നടക്കും. 7.30ന് ലദീഞ്ഞ്, പ്രദക്ഷിണം.
19ന് രാവിലെ 5.30നും ഏഴിനും 8.45നും 11നും വിശുദ്ധ കുര്‍ബാന, നാലിന് സായാഹ്ന നമസ്‌കാരം. 4.30ന് ആഘോഷമായ ഫാ. ജോസഫ് വേങ്ങാട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. ഫാ.ജോസഫ് മൈലപ്പറമ്പില്‍ സന്ദേശം നല്‍കും. 6.15ന് നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് ചൈനീസ് വെടിക്കെട്ട്.

വിവാഹസഹായ വിതരണം നടത്തി

കുറവിലങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട 19 പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായധന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു ഉദ്ഘാടനം ചെയ്തു. സെല്ലി ജോര്‍ജ്, രാജേഷ് വി. മറ്റപ്പിള്ളില്‍, മാനുവല്‍ വര്‍ഗീസ്, ലീലാമ്മ സഖറിയാസ്, സൂസന്‍ ഗര്‍വാസീസ്, എസ്. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
………………..

പൂവക്കുളം ഗവ. യുപിഎസ് വജ്രജൂബിലി ആഘോഷം 19ന്

കുറവിലങ്ങാട്: അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന പൂവക്കുളം ഗവ.യുപിഎസ് വജ്രജൂബിലി ആഘോഷങ്ങള്‍ 19ന് നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ത്ഥി, അധ്യാപക കുടുംബസംഗമം, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, വിദ്യാഭ്യാസ സെമിനാര്‍, സാംസ്‌കാരിക സമ്മേളനം, കലാകാരന്മാരെ ആദരിക്കല്‍ എന്നിവ നടത്തുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികളായ എം.എന്‍ രാമകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് ടി.ടി സുഷമ, രാജു ജോണ്‍ ചിറ്റേഴത്ത്, ടി.എസ് ബേബി, പി.ജെ വര്‍ഗീസ്, അശോക് കുമാര്‍ പൂവക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
19ന് 8.30ന് രജിസ്‌ട്രേഷന്‍. 10ന് ജൂബിലി ആഘോഷം ഉദ്ഘാടന സമ്മേളനം. പൂര്‍വ വിദ്യാര്‍ത്ഥി, അധ്യാപക കുടുംബസംഗമം എന്നിവ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ജോസഫ് അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 11.30ന് ഗുരുവന്ദനം. ചടങ്ങില്‍ ഗ്രാന്റ് പേരന്‍സിനെ ആദരിക്കും. 1.30ന് ഉച്ചഭക്ഷണം. 2.30ന് വിദ്യാഭ്യാസ സെമിനാര്‍. പ്രഫ. പി.കെ. രവീന്ദ്രന്‍ നേതൃത്വം നല്‍കും. വി.എന്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മിസ്ട്രസ് ടി.ടി സുഷമ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജോസഫ് വാഴയ്ക്കന്‍ ജൂബിലി സ്മരണിക പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി കലാകാരന്മാരെ ആദരിക്കും.

മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ചയാള്‍ അറസ്റ്റിലായി

കുറവിലങ്ങാട്: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചയാള്‍ പോലീസ് പിടിയിലായി. ഇന്നലെ വെമ്പള്ളിഭാഗത്തുനിന്നാണ് അരുണാപുരം സ്വദേശി ജോഷി (38) അറസ്റ്റിലായത.് മരങ്ങാട്ടുപിള്ളിയിലുള്ള സ്വകാര്യ സ്‌കൂളിന്റെ വാഹനഡ്രൈവറാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്യുമ്പോള്‍ വാഹനത്തില്‍ 12 വിദ്യാര്‍ത്ഥികളുണ്ടായിരുന്നതായും ഇവരെ മറ്റ് വാഹനങ്ങളില്‍ വീടുകളിലെത്തിച്ചതായും പോലീസ് പറയുന്നു. ………………………

താമരക്കാട്ട് വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണം കവര്‍ന്നു

കുറവിലങ്ങാട്: വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും 2000 രൂപയും കവര്‍ന്നു. വെളിയന്നൂര്‍ താമരക്കാട് നിരപ്പില്‍ പെരുമാലില്‍ പി.എസ് ഷണ്‍മുഖന്‍ ആചാരിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. മകളുടെ വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. ഷണ്‍മുഖന്‍ ആചാരിയുടെ സഹോദരന്‍ സുരേഷിന്റെ വീട്ടിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. ഷണ്‍മുഖന്‍ ആചാരിയും സുരേഷും കുടുംബവും തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. സുരേഷിന്റെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഇവിടെ നിന്ന് കമ്പി, പാര, തൂമ്പ തുടങ്ങിയവയെടുത്ത് അതുപയോഗിച്ചാണ് ഷണ്‍മുഖന്‍ ആചാരിയുടെ വീടിന്റെ കതക് തകര്‍ത്ത് അകത്തുപ്രവേശിച്ചത്. വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ അലമാരയ്ക്ക് മുകളിലിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് മറ്റ് അലമാരകളും തുറക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ മൊബൈല്‍ പിന്നീട് വീടുനുള്ളില്‍ നിന്ന് കണ്ടെടുത്തു. ജനലിന്റെ വിജാഗിരി അഴിച്ചുമാറ്റിയ നിലയിലും വാതിലുകള്‍ക്കടുത്ത് ആയുധങ്ങള്‍വെച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

മൂന്നാംവട്ടം കോറം തികച്ച് കുറവിലങ്ങാട്ട് ഗ്രാമസഭ

കുറവിലങ്ങാട്: മൂന്നാംതവണത്തെ ഗ്രാമസഭ കോറം കടന്നു. പഞ്ചായത്തിലെ 13-ാം വാര്‍ഡ് ഗ്രാമസഭയാണ് കോറം തികയാത്തതിനെതുടര്‍ന്ന് മൂന്നുതവണ നടത്തേണ്ടി വന്നത്. രണ്ടുതവണയും കോറം തികഞ്ഞിരുന്നില്ല. രണ്ടാംതവണ കോറം തികഞ്ഞതായി പ്രചരണം നടത്തി തലയൂരാന്‍ ചിലര്‍ ശ്രമം നടത്തിയെങ്കിലും അത് വിജയംകണ്ടില്ല. ഇതോടെയാണ് ഇന്നലെ മൂന്നാംതവണ സഭ സമ്മേളിച്ചത്. രണ്ടാംതവണ മുതല്‍ ഗ്രാമസഭ ചേരുമ്പോള്‍ കോറം തികയാന്‍ 50 അംഗങ്ങള്‍ പങ്കെടുക്കണമെന്ന കടമ്പ ഇത്തവണ 63 അംഗങ്ങളെ ചേര്‍ത്താണ് മറികടന്നത്.
രണ്ടുതവണയും പഞ്ചായത്ത് കമ്യൂണിറ്റിഹാളിലാണ് ഗ്രാമസഭ നടത്തിയതെങ്കിലും കോറം തികയാതെ വന്നതോടെ ഇന്നലത്തെ സഭ വാര്‍ഡിലം ഇന്ദിരഗിരി കോളനിയിലെ സാംസ്‌കാരിക കേന്ദ്രത്തിലാണ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നും ഗ്രാമസഭ സമീപമുള്ള വീട്ടുമുറ്റത്തേക്ക് മാറ്റിയതില്‍ നേരിയ പ്രതിഷേധങ്ങളുണ്ടായെങ്കിലും തുടര്‍ന്ന സഭ നടത്തുകയായിരുന്നു.
വാര്‍ഡിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് കാളിയാര്‍തോട്ടത്ത് സ്‌റ്റോപ്പ് അനുവദിക്കുക, താലൂക്ക് ആശുപത്രിയില്‍ കുടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗ്രാമസഭയില്‍ അംഗങ്ങള്‍ പ്രധാനമായും ഉയര്‍ന്നത്. 13-ാം വാര്‍ഡ് സഭ പിന്നിട്ടതോടെ പഞ്ചായത്തിലെ പദ്ധതി രൂപീകരണ നടപടികള്‍ അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാനാവും.
………………..

കോഴാ ഇനി സയന്‍സ് സിറ്റി

കുറവിലങ്ങാട്: രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ സ്വന്തമായുള്ള കോഴാ ഗ്രാമം ഇനി അറിയപ്പെടുക സയന്‍സ് സിറ്റിയെന്ന പേരില്‍. നാടിന്റെ പേരില്‍തന്നെ രാജഭരണത്തിന്റെ മുദ്രകളുള്ള ഈ നാടിന് ഇനി ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും ഉന്നത മുദ്രയാവും ചാര്‍ത്തപ്പെടുക. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഞീഴൂര്‍ പഞ്ചായയത്ത് പ്രദേശങ്ങളിലെ ജനങ്ങളുടെ സംഗമസ്ഥലമെന്ന നിലയില്‍ ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റി കോഴായിലെത്തുമ്പോള്‍ അതിന്റെ ആഹ്ലാദമെത്തുന്നത് അയല്‍ പഞ്ചായത്തുകളിലെല്ലാമാണ്.
1957ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് കോഴായില്‍ ജില്ലാ കൃഷിത്തോട്ടം യാഥാര്‍ത്ഥ്യമാക്കിയത്. അഞ്ചരപതിറ്റാണ്ടുമുന്‍പ് കോഴായില്‍ ജില്ലാ കൃഷിത്തോട്ടമാരംഭിയ്ക്കുമ്പോള്‍ ഇത്തരത്തിലൊരു വലിയ വികസനത്തിന് നാട് ആതിഥ്യമരുളുമെന്ന് ആരും കരുതിയിരിക്കില്ല. രാജഭരരണകാലത്ത് വനം വകുപ്പിന്റെ ഓഫീസ് കോഴായില്‍ പ്രവര്‍ത്തിച്ചതിലൂടെയാണ് നാടിന് ഈ പേര് കരഗതമായത്. ഈ പേര് ഇനി സയന്‍സ് സിറ്റിയെന്ന പേരിന് വഴിമാറുമെന്നതില്‍ സംശയിക്കേണ്ടതില്ല. വലിയ വികസനപദ്ധതികള്‍ കടന്നെത്തുമ്പോള്‍ ഗ്രാമങ്ങള്‍ ആ വികസനത്തിന്റെ പേരില്‍ അറിയപ്പെടുക സാധാരണമാണ്. മെഡിക്കല്‍ കോളജ്, ന്യൂസ് പ്രിന്റ് നഗര്‍ എന്നിങ്ങനെ പുതിയ വികസനത്തിന്റെ പേരില്‍ പുതിയ പേരുകള്‍ സ്ഥലങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.
സയന്‍സ് സിറ്റി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായതുമുതല്‍ ഈ മേഖലയെ സയന്‍സ് സിറ്റിയെന്ന പേരിനോട് ചേര്‍ത്ത് ഒട്ടേറെ വേളകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് ഈ ബന്ധം കൂടുതലായി ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. സയന്‍സ് സിറ്റിഎത്തുന്ന ജില്ലാ കൃഷിത്തോട്ടത്തിന് സമീപമുള്ള സ്ഥലങ്ങളില്‍ റിയല്‍എസ്റ്റേറ്റ് സംഘങ്ങള്‍ വലിയ ഡിമാന്റിലാണ് സ്ഥലം വാങ്ങിക്കൂട്ടിയത്. വലിയ വികസന സാധ്യത കണക്കിലെടുത്താണ് ഈ ഇടപെടല്‍.
രാജ്യത്തിനപ്പുറം ശ്രദ്ധിക്കപ്പെടുന്ന ഒരു വലിയ വികസന സംരംഭമെന്ന നിലയില്‍ വിദേശങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ഗവേഷകരും സയന്‍സ് സിറ്റിയിലേക്ക് എത്തുമ്പോള്‍ ഗ്രാമം സയന്‍സ് സിറ്റിയെന്ന പേര് ഏറ്റുപറയുമെന്നതില്‍ സംശയമില്ല.