Category Archives: പ്രാദേശികം

പഞ്ചസാര വിതരണം ചെയ്യും

കുറവിലങ്ങാട്: താലൂക്കിലെ എല്ലാ ബിപിഎല്‍, എഎവൈ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഒരംഗത്തിന് 250 ഗ്രാം വീതം പഞ്ചസാര ജൂണ്‍ മൂന്നുവരെ എല്ലാ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഫാ. കുറുപ്പിനകത്ത് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരിയായിരുന്ന ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ ഓര്‍മ്മയ്ക്കായി കെസിവൈഎല്‍ ഉഴവൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് കോട്ടയം അതിരൂപതതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ 28 വരെ ഉഴവൂര്‍ ഒഎല്‍എല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടക്കും . സംസ്ഥാനത്തെ 32 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നാളെ 9.30ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വഹിക്കും. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. സമാപനസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മധുരവേലി ഗവ. ഐ.ടി.ഐ. നവീകരണത്തിന് 29 ലക്ഷം രൂപ അനുവദിച്ചു. മോന്‍സ് ജോസഫ്

കടുത്തുരുത്തി: വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത മധുരവേലി ഗവ.ഐ.ടി.ഐ.യുടെ സമഗ്ര നവീകരണത്തിന് 29 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
മധുരവേലി ഐ.ടി.ഐ. കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം, ക്ലാസ്മുറികളും ഓഫീസ് മുറികളും പുനരുദ്ധീകരിക്കുക, ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി സമര്‍പ്പിച്ച പ്രോജക്ടിനാണ് പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്‌ട്രേറ്റ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ടെണ്ടര്‍ ചെയ്ത് നടപ്പാക്കാന്‍ ബില്‍ഡിംഗ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുള്ളതായി എം.എല്‍.എ. അറിയിച്ചു.
മധുരവേലി ഗവ. ഐ.ടി.ഐ. നവീകരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ഐ.ടി.ഐ. ക്യാമ്പസ് ഏറ്റവും മെച്ചപ്പെട്ട നിലവാരത്തിലേക്ക് പരമാവധി വേഗത്തില്‍ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ സഹായനടപടികളും സ്വീകരിക്കുമെന്ന് എം.എല്‍.എ. വ്യക്തമാക്കി.

മോനിപ്പള്ളിയിലെ കലുങ്ക് നിര്‍മ്മാണം ശ്വാസം മുട്ടി വാഹനങ്ങള്‍

മോനിപ്പള്ളി: ജംഗ്ഷനില്‍ നടക്കുന്ന കലുങ്ക് നിര്‍മ്മാണത്തില്‍ വാഹനങ്ങളും നാട്ടുകാരും പൊറുതിമുട്ടി. എം.സി റോഡിനൊപ്പം ഇലഞ്ഞി റോഡിലും കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എം.സി റോഡ് വികസനത്തിന്റെ പേരില്‍ പൊടിയും ചെളിയുമുയര്‍ത്തുന്ന ഭീഷണി ഒരുവര്‍ഷത്തോളമായി അനുഭവിക്കുകയാണ് നാട്ടുകാര്‍. പല വ്യാപാരസ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നിരുന്നുവെങ്കില്‍ മാസങ്ങള്‍ക്കുമുന്‍പേ ഈ മേഖലയില്‍ സുഗമമായ യാത്ര യാഥാര്‍ത്ഥ്യമാകുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാസങ്ങളായി താറുമാറായ ഗതാഗതം ഇപ്പോള്‍ കൂനിന്മേല്‍ കുരു എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കെഎസ്ടിപി അധികൃതരുടേയും കരാറുകാരുടേയും അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും ഇതൊന്നും കണ്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍. വികസനം ഇഴഞ്ഞുനീങ്ങുമ്പോളും എല്ലാ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന പതിവ് പല്ലവിമാത്രമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

ശിശുദിന ആഘോഷവും സെമിനാറും

കുറവിലങ്ങാട് : ഗ്രാമപഞ്ചായത് അഞ്ചാം വാര്‍ഡില്‍ നരിവേലി അംഗന്‍വാടി ഹാളില്‍ ശിശുദിനാഘോഷവും മാതാപിതാക്കള്‍ക്ക് സെമിനാറും ഇന്ന് 10 .30 നു നടക്കും.ആഘോഷത്തോടനുബന്ധിച്ചു ശിശുമനഃശാസ്ത്രത്തെക്കുറിച്ചു സെമിനാര്‍ നടക്കും. വാര്‍ഡ് മെംമ്പര്‍ ഷൈജു പാവുത്തിയേല്‍ അധ്യക്ഷത വഹിക്കും. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജി. ചെന്നേലില്‍ ഉദ്ഘാടനം ചെയ്യും .പഞ്ചായത്തംഗം പി.എന്‍.മോഹനന്‍ കുട്ടികളെ ആദരിക്കും. ജോണി ആറുതൊട്ടി , ജെസ്സി ബാബു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കും.

കുറവിലങ്ങാട് കാരുണ്യക്വിസില്‍ ഒന്നാംസ്ഥാനം ശാലിനി, ഷെനറ്റ് സഹോദരിമാര്‍ക്ക്

കുറവിലങ്ങാട്: കരുണയുടെ ജൂബിലി സമാപനത്തോടനുബന്ധിച്ച് കുറവിലങ്ങാട് റീജിയന്‍തലത്തില്‍ നടത്തിയ ദേശീയ കാരുണ്യക്വിസില്‍ ഒന്നാംസ്ഥാനം മുട്ടം സിബിഗിരി ഇടവകയിലെ ശാലിനി ഡെന്നീസിനും സഹോദരി ഷെനറ്റ് ഡെന്നീസിനും. 350 ടീമുകളെ പിന്തള്ളിയാണ് ഇ മിടുക്കികള്‍ 10,000 രൂപയുടെ കാഷ്അവാര്‍ഡ് നേടിയത്.
രണ്ടാംസ്ഥാനം തോട്ടക്കാട് സ്വദേശികളായ വത്സമ്മ സ്‌കറിയയും രജ്ജിത് സ്‌കറിയയും നേടി. മൂന്നാം സ്ഥാനം് മുത്തോലപുരം ഇടവകാംഗങ്ങളായ മേരി പോള്‍, ഗ്രേസി പോള്‍ എന്നിവര്‍ക്കാണ്. നാലാം സ്ഥാനത്ത് മുട്ടുചറി ഇടവകാംഗങ്ങളായ അശ്വിന്‍ ജോഷിയും ബില്‍ജോ ബാബുവും അഞ്ചാം സ്ഥാനത്ത് ഡിഎസ്ടി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ സെലിന്‍ ജോര്‍ജും സിസ്റ്റര്‍ ജോസ്‌ലിനുമെത്തി. മത്സരവിജയികള്‍ക്ക് കാരുണ്യജൂബിലി സമാപനസമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മര്‍ത്ത്മറിയം സണ്‍ഡേസ്‌കൂളാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മത്സരം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സണ്‍ഡേസ്‌കൂള്‍ ഡയറക്ടറും സഹവികാരിയുമായ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ഫാ. ജോസഫ് അരിമറ്റം, ബ്രദര്‍ അഗസ്റ്റിന്‍ ഇഞ്ചക്കുഴി, ബ്രദര്‍ മാത്യു മുണ്ടുനടയ്ക്കല്‍, ബോബിച്ചന്‍ നിധീരി, ലിജോ മുക്കത്ത്, ഷൈജു പാവുത്തിയേല്‍, ജിജോ വടക്കേടം, ബെന്നി കൊച്ചുകിഴക്കേടം, ജേക്കബ് ചാലാശേരില്‍, സിജോ രണ്ടാനിയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കടപ്ലാമറ്റത്ത് കേരളോത്സവം 12,13 തിയതികളില്‍

കടപ്ലാമറ്റം : ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 12,13 തീയതികളില്‍ പഞ്ചായത്ത് ഓഡിറ്റോറിയം, സെന്റ്
ആന്റണീസ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് ,മേരിമാതാ പബ്ലിക്‌സ്‌ക്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. 12ന് ഒന്‍പതിന് പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ആര്‍ ശശിധരന്‍നായര്‍ അധ്യക്ഷത വഹിക്കും. 13ന് 4.30ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം സമ്മാനദാനം നടത്തും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9447147655, 8547672639.

പച്ചക്കറി തൈകള്‍ വിതരണത്തിന്

കുറവിലങ്ങാട്: കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പിലൂടെ പച്ചക്കറി തൈകള്‍ വിതരണം ആരംഭിച്ചു. കാബേജ്, കോളിഫ്‌ളവര്‍, ക്യാപിസിക്കം, തക്കാളി, വഴുതന, ചീനി എന്നിവ രണ്ടര രൂപ നിരക്കില്‍ ലഭ്യമാണ്. ഫോണ്‍. 9497378380.

സൗജന്യ നേത്രചികിത്സാ ക്യാംപ്

കുറവിലങ്ങാട്: പൈക ലയണ്‍സ് കണ്ണാശുപത്രിയുടേയും കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി കെസിവൈഎം, സ്വാശ്രയസംഘം യൂണിറ്റുകളുടേയും നേതൃത്വത്തില്‍ നാളെ 8.30 മുതല്‍ കാട്ടാമ്പാക്ക് പാരിഷ്ഹാളില്‍ സൗജന്യ നേത്രചികിത്സ നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 890449210, 9961823440.

ബാങ്കിലേക്ക് പണവുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു, ഒരാള്‍ക്ക് പരുക്കേറ്റു

കുറവിലങ്ങാട്: ഐസിഐസിഐ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. പാലായില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന വാനാണ് എതിര്‍ദിശയിലെത്തിയ കാറുമായിടിച്ച് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം പാലാ-കോഴാ റോഡില്‍ ഇടയാലി ജംഗ്ഷന് സമീപമായിരുന്നു അപകടം. വാനില്‍ യാത്രചെയ്തിരുന്ന എറണാകുളം സ്വദേശി ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

ദേവമാതാ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കുറവിലങ്ങാട്: ദേവമാതാ കോളജ് എംഎസ്‌സി മാത്തമാറ്റിക്‌സ് സ്വാശ്രയവിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.