Category Archives: പ്രധാനവാര്‍ത്തകള്‍

ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, പ്രീയാമോള്‍. മരുമക്കള്‍: ഷാജി നെടുംതൊട്ടിയില്‍ (രാമപുരം), സിനി വെട്ടിയായില്‍ (ഞീഴൂര്‍ മുക്കവലക്കുന്ന്), പ്രദീപ് തിരുനിലത്ത് വടുതല (സൗദി), അജിമോന്‍ കുളങ്ങര (കാണക്കാരി).


…………….

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് നാലുമണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ജൂണ്‍ 14 നുള്ളില്‍ ഫീസ് ഒടുക്കാത്താവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്. തുടര്‍ന്നുള്ള അലോട്ട്‌മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.
താത്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്ട്‌മെന്റ് മെമ്മോയും അസ്സല്‍ സാക്ഷ്യപത്രങ്ങളും കോളേജുകളിലെ പരിശോധനയ്ക്കു ശേഷം തിരിച്ചു വാങ്ങണം. ഇവര്‍ കോളേജുകളില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത സര്‍വ്വകലാശാല ഫീസ് അടയ്‌ക്കേണ്ടതാണ്.
അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്താണെങ്കില്‍ തുടര്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൗകര്യം ജൂണ്‍ 15 മുതല്‍ 16 വരെ ലഭ്യമാണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. ജൂണ്‍ 15 മുതല്‍ 16 വരെ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
ഹയര്‍ ഓപ്ഷനുകള്‍ നില നിര്‍ത്തുന്ന അപേക്ഷകര്‍ക്ക് നാലാം അലോട്ട്‌മെന്റ് വരെ താത്കാലികമായി പ്രവേശനം നേടാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫിസ് ഒടുക്കി സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്.
കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനുശേഷം ‘കണ്‍ഫര്‍മേഷന്‍ സ്ലിപ്’ കോളേജില്‍ നിന്നും കൈപ്പറ്റേണ്ടതും പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തേണ്ടതുമാണ്.
വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0481 6555563, 2733379, 2733581.

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ കുര്യാസ് (റിട്ട. ടീച്ചര്‍ ഇമ്മാനുവല്‍ എച്ച.എസ്.എസ്. കോതനെല്ലൂര്‍), എം.സി മേരി (റിട്ട. സൂപ്രണ്ട് മുന്‍സിഫ് കോര്‍ട്ട് കോട്ടയം), ത്രേസ്യാമ്മ സൈമണ്‍ (ടീച്ചര്‍ രാജംപേട്ട്), എം.സി ദേവസ്യാ, എം.സി തോമസ് (വളളിക്കടവ്), എം.സി സൈമണ്‍, മോളി സണ്ണി (യു.എസ്.എ), ലിസി അഗസ്റ്റിയന്‍, സിസിലി സാബു (യു.എസ്.എ), ജെസി ജോജോ (ടീച്ചര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍). മരുമക്കള്‍: ഡോ. കുര്യാസ് കുമ്പളക്കുഴി (മുന്‍ വിവരാവകാശ കമ്മീഷണര്‍), ജോണി, പ്രതാപ് (രാജംപേട്ട്), സോമി മാളിയേക്കല്‍ (പാലാ), ലിസമ്മ കട്ടക്കയം (പാലാവയല്‍), ജാന്‍സി മുതുകുളത്തില്‍, ചേര്‍പ്പുങ്കല്‍ (ടീച്ചര്‍ ഡിപോള്‍ പബ്ലിക് സ്‌കൂള്‍ നസ്രത്തുഹില്‍), സണ്ണി ആലുങ്കല്‍കളപ്പുരയ്ക്കല്‍, കുര്യനാട് (യു.എസ്.എ), അഗസ്റ്റിയന്‍ കല്ലുമഠത്തില്‍ (കുടക്കച്ചിറ), സാബു പുല്‍പ്പറയില്‍, കുറുപ്പന്തറ (യു.എസ്.എ), ജോജോ കൊച്ചുവീട്ടില്‍, പൂഞ്ഞാര്‍ (ടീച്ചര്‍ ചാവറ പബ്ലിക് സ്‌കൂള്‍ പാലാ).

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല.

ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് മന്ദിരനിര്‍മ്മാണം ഒരുകോടി രൂപ എം.എല്‍.എ. ഫണ്ട് മോന്‍സ് ജോസഫ്

കടുത്തുരുത്തി: ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജിനുവേണ്ടി പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കാന്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഞീഴൂര്‍ കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കഴിഞ്ഞവര്‍ഷം ഒരു പ്രോജക്ട് നടപ്പാക്കിയിരുന്നു. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഭൂതപാണ്ടന്‍ ചിറയില്‍ വിട്ടുനല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ പരിശ്രമഫലമായി എട്ട് ക്ലാസ് മുറികളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ കോളേജിന് ആവശ്യമായ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഇതിലൂടെ ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യമാണുണ്ടായത്. ഇതേ തുടര്‍ന്ന് ഞീഴൂര്‍ കോളേജിനാവശ്യമായ സുപ്രധാന കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ മോന്‍സ് ജോസഫ് ചുമതലപ്പെടുത്തിയതു പ്രകാരമാണ് അവശേഷിക്കുന്ന വികസന കാര്യങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തലത്തിലും ഐ.എച്ച്.ആര്‍.ഡി.യുടെ പക്കലും ഫണ്ട് അനുവദിക്കാന്‍ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് ഒരുകോടി രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഞീഴൂര്‍ കോളേജില്‍ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ആവശ്യപ്പെട്ടതു പ്രകാരം കോളേജിന്റെ അംഗീകാരം നിലനിര്‍ത്തുന്നതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചത് പ്രകാരമാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥിന്റെ സാന്നിദ്ധ്യത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍വച്ചാണ് കോളേജിന്റെ അംഗീകാരം തുടരുന്നതു സംബന്ധിച്ച് ധാരണ ഉണ്ടാക്കിയത്. ഇത് പാലിക്കാന്‍ കഴിയുന്ന നിലയിലാണ് പുതിയ പ്രോജക്ടിന് രൂപം നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ. വ്യക്തമാക്കി.
ഞീഴൂര്‍ ഐ.എച്ച്.ആര്‍യ.ഡി. കോളേജിന്റെ ഭാവി വികസന കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപരേഖ ഉണ്ടാക്കാന്‍ കഴിയുന്ന നിലയില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതായി മോന്‍സ് ജോസഫ് അറിയിച്ചു. ഇതിനുശേഷം പ്രവര്‍ത്തി ടെണ്ടര്‍ ചെയ്ത് ഈ അദ്ധ്യയനവര്‍ഷം പരമാവധി വേഗത്തില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
2000-ാംആണ്ടില്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ്മന്ത്രി പി.ജെ. ജോസഫിനോട് അന്നത്തെ എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് ആവശ്യപ്പെട്ടതു പ്രകാരമാണ് കടുത്തുരുത്തി മേഖലയില്‍ ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് അനുവദിക്കാന്‍ സാഹചര്യമുണ്ടായത്. പോസ്റ്റ് ഗ്രാഡ്യുവേറ്റ് കോഴ്‌സുകള്‍ ഉള്‍പ്പെടെ തുടങ്ങാവുന്ന വികസനമാണ് ഞീഴൂരില്‍ തുടര്‍ന്ന് നടപ്പാക്കാന്‍ പോകുന്നത്.

യുകെയില്‍ കോഴാ സംഗമം

കുറവിലങ്ങാട്: യുകെയിലേക്ക് കുടിയേറിയ കോഴാ നിവാസികളുടെ സംഗമം നോര്‍ത്താംപ്ടനിലെ ബ്രോഡ്മിഡ് അവന്യുവില്‍ നടക്കും. ആറാമത് സംഗമമാണ് ജൂണ്‍ മൂന്നിന് 11 മുതല്‍ നടക്കുന്നത്. സംഗമത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങളും നടക്കും. വൈകുന്നേരം മൂന്നിന് വിവിധ പ്രതിനിധികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും നടക്കും. സംഗമത്തിന്റെ ഭാഗമായി കേരളീയ ശൈലിയിലുള്ള ഭക്ഷണശാലകളും തുറക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സുരേഷ് വട്ടക്കാട്ടില്‍, സജിമോന്‍ തങ്കപ്പന്‍, ജിമ്മി പൂവാട്ടില്‍, ഷാജി തലച്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്.

കാളികാവില്‍ കാര്‍ പാടത്തേക്ക് മറിഞ്ഞു

കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവിനുസമീപം നിയന്ത്രണം വിട്ട കാര്‍ പാടത്തുവീണു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാര്‍യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

പട്ടികജാതി ക്ഷേമവകുപ്പ് കോളനി നവീകരണത്തിന് ചാമക്കാലായും എഴുമാന്തുരുത്ത് കൊല്ലങ്കരിയും തെരഞ്ഞെടുത്തു: മോന്‍സ് ജോസഫ്

കടുത്തുരുത്തി: പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പരിപാടിയില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് കോളനികള്‍ തെരഞ്ഞെടുത്തതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് എഴുമാന്തുരുത്ത് കൊല്ലങ്കരി കോളനിയും മാഞ്ഞൂര്‍ ചാമക്കാലാ ചിറപ്പാടം പട്ടികജാതി കോളനിയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലനുമായി അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കോളനികള്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
കോളനികളുടെ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മോന്‍സ് ജോസഫ് വ്യക്തമാക്കി. ഒരു കോളനിക്ക് ഒരു കോടി രൂപയുടെ വികസനം നടപ്പാക്കുന്നതാണ്. പ്രവര്‍ത്തി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെയാണ്.
നാല്‍പ്പതൊ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ ഒന്നിച്ചധിവസിക്കുന്നതും വികസനകാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നതുമായ കോളനികളിലാണ് അംബേദ്കര്‍ സ്വാശ്രയ ഗ്രാമവികസന പദ്ധതി നടപ്പിലാക്കുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും രണ്ട് കോളനികളും റോഡ് – ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടുത്തല്‍, സാനിട്ടേഷന്‍, ഭവനപുനരുദ്ധാരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ജലസേചന സൗകര്യം, അടുക്കള തോട്ടം, വരുമാന ദായക പദ്ധതികള്‍, വൈദ്യുതീകരണം, കുടിവെള്ള പദ്ധതി എന്നിവയില്‍ നിന്നും മുന്‍ഗണന നല്‍കേണ്ട കാര്യങ്ങള്‍ തെരഞ്ഞെടുത്ത് നടപ്പാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് എം.എല്‍.എ. വ്യക്തമാക്കി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടനെ ചാമക്കാലായിലും എഴുമാന്തുരുത്തിലും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുമെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.

കടുത്തുരുത്തി മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം 717 കണക്ഷന്‍ നടപ്പാക്കി മോന്‍സ് ജോസഫ്

കുറവിലങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി മണ്ഡലത്തിലെ 717 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്നതായി മോന്‍സ് ജോസഫ് വ്യക്തമാക്കി.
മാര്‍ച്ച് 31 വരെ ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിഹരിച്ചുകൊണ്ടാണ് എല്ലാവര്‍ക്കും കണക്ഷന്‍ ലക്ഷ്യമാക്കിയത്. കടുത്തുരുത്തി മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ പുതിയതായി ലഭ്യമാക്കിയതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. കടുത്തുരുത്തി 98, കടപ്ലാമറ്റം 54, കാണകകാരി 60, കിടങ്ങൂര്‍ 42, കുറവിലങ്ങാട് 38, വെളിയന്നൂര്‍ 38, ഉഴവൂര്‍ 90, ഞീഴൂര്‍ 59, മാഞ്ഞൂര്‍ 62, മുളക്കുളം 66, മരങ്ങാട്ടുപള്ളി 110 എന്ന നിലയിലാണ് കണക്ഷന്‍ ലഭ്യമാക്കിയത്.
കടുത്തുരുത്തി മണ്ഡലത്തില്‍ 76 ലക്ഷം രൂപയുടെ പദ്ധതി ഇക്കാര്യത്തില്‍ നടപ്പാക്കിയതായി മോന്‍സ് ജോസഫ് അറിയിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് തുടക്കത്തില്‍ അനുവദിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ലഭ്യമാക്കുകയുണ്ടായി. ബാക്കി വന്ന തുക കെ.എസ്.ഇ.ബി. യുടെ ഫണ്ടില്‍ നിന്നാണ് വിനിയോഗിച്ചത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ മുഖ്യ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയത് കെ.എസ്.ഇ.ബി.യുടെ വൈക്കം എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. വീടുകളുടെ വയറിംഗ് നടത്താന്‍ സഹകരിച്ച ഗ്രാമപഞ്ചായത്ത് സമിതികള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും എം.എല്‍.എ. നന്ദി പ്രകടിപ്പിച്ചു.

പട്ടിത്താനം – കൂത്താട്ടുകുളം എം.സി. റോഡ് വികസനം: റോഡ് സുരക്ഷാ നടപടി വേഗത്തിലാക്കും – മന്ത്രി ജി സുധാകരന്‍

കുറവിലങ്ങാട്: ലോക ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന കെ.എസ്.ടി.പി. രണ്ട് പദ്ധതിയില്‍ ഉള്‍പ്പെട്ട ഏറ്റുമാനൂര്‍ – മൂവാറ്റുപുഴ റോഡില്‍ പുരോഗമിച്ചുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും റോഡ് സുരക്ഷാനടപടികളും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എം.സി. റോഡിന്റെ ഭാഗമായ പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ കൂത്താട്ടുകുളം വരെ മെച്ചപ്പെട്ട നിലവാരത്തില്‍ റോഡ് നവീകരിച്ചതിനെ തുടര്‍ന്ന് നിരവധിയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് സുരക്ഷാ നടപടികള്‍ പരമാവധി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മോന്‍സ് ജോസഫ് എം.എല്‍.എ. സബ്മിഷന്‍ കൊണ്ടുവന്നത്.
കഴിഞ്ഞ മാര്‍ച്ചുമാസം 23-ാം തീയതി എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ കെ.എസ്.ടി.പി. എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റിന്റെയും നേതൃത്വത്തില്‍ എം.സി. റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി കൈക്കൊണ്ട തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
പട്ടിത്താനം ജംഗ്ഷനില്‍ സിഗ്നല്‍ സിസ്റ്റം പരമാവധി വേഗത്തില്‍ സ്ഥാപിക്കുന്നതാണ്. ഇതോടൊപ്പം കുറവിലങ്ങാട്, കോഴ കവല, മോനിപ്പള്ളി എന്നിവിടങ്ങളില്‍ ജംഗ്ഷന്‍ പണികള്‍ പൂര്‍ത്തിയാക്കി വരികയാണ്. പുതുവേലിയിലെ വൈക്കം കവലയില്‍ കൂടുതലായി ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ ലാന്റ് അക്വിസിഷന്‍ നടപടികള്‍ നടന്നുവരുന്നു. പുതുവേലി – വൈക്കം റോഡില്‍ വേഗത കുറയ്ക്കുന്നതിന് റംമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുറവിലങ്ങാട്, കോഴ, പുതുവേലി വൈക്കം കവല എന്നിവിടങ്ങളില്‍ ത്രീ ലെഗ്ഡ് സിഗ്നല്‍ ലൈറ്റുകള്‍ ഉടനെ സ്ഥാപിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. അപകട സൂചന നല്‍കുന്ന ബ്ലിംഗറുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മോനിപ്പള്ളി മുക്കട ജംഗ്ഷനില്‍ റോഡ് പുറമ്പോക്കിലെ സ്ഥലം കൂടി ഏറ്റെടുത്ത് റോഡ് സുരക്ഷക്കുള്ള നിര്‍മ്മാണം നടപ്പാക്കുന്നതാണ്. സ്പീഡ് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തുന്നതാണ്.
ചീങ്കല്ലേല്‍ പള്ളിക്കെതിര്‍വശത്തുള്ള റോഡിന്റെ വീതി 10 മീറ്ററിനു പകരം 12 മീറ്ററിലാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. ചീങ്കല്ലേല്‍ പാലത്തിന്റെ ഒരു വശത്ത് ഇടിഞ്ഞുപോയിരിക്കുന്ന റോഡ് സംരക്ഷണഭിത്തി ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുള്ളതായി മന്ത്രി ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.
അരിവാ വളവില്‍ ഡിസൈന്‍പ്രകാരം വേണ്ട അധിക വീതിയെടുത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും അപകടാവസ്ഥയുടെ ഗൗരവം എം.എല്‍.എ. ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിദഗ്ദ്ധ അഭിപ്രായവും കൂടി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെ മീഡിയന്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നതാണ്. തെര്‍മോ പ്ലാസ്റ്റിക് പെയിന്റുപയോഗിച്ച് ഗോസ്റ്റ് അയലന്റ് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.
അപകട വളവുകളില്‍ പെയിന്റിംഗ്, റംമ്പിള്‍ സ്ട്രിപ്പ്, സൈന്‍ബോര്‍ഡ് എന്നിവ സ്ഥാപിക്കുന്ന ജോലികള്‍ ത്വരിതപ്പെടുത്തുന്നതാണ്. ബസ് പാര്‍ക്കിംഗ് ബേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. സോളാര്‍ ലൈറ്റുകളുടെ പണിയും നടന്നുവരികയാണ്. സീബ്രാ ലൈനുകള്‍ വരക്കുന്നതുള്‍പ്പെടെയുള്ള റോഡ് മാര്‍ക്കിംഗ് ജോലികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.
എം.സി. റോഡില്‍ പട്ടിത്താനം മുതല്‍ കൂത്താട്ടുകുളം വരെ റോഡ് നവീകരിച്ചത് ജനങ്ങള്‍ക്ക് ഏറ്റവും വലിയ അനുഗ്രഹവും വികസനരംഗത്ത് അഭിമാനകരമായ നേട്ടവുമാണെങ്കിലും അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നുള്ള ആശങ്കാജനകമായ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. നിയമസഭയില്‍ ആവശ്യപ്പെട്ടു.
റോഡിന്റെ വീതി കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതലായി സ്ഥലം ആവശ്യമുള്ളത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. കോഴ ജംഗ്ഷനില്‍ ലഭ്യമായ മുഴുവന്‍ സ്ഥലവും പ്രയോജനപ്പെടുത്തി വീതികൂട്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ കെ.എസ്.ടി.പി.യ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
കുറവിലങ്ങാട് പള്ളിക്കവലയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മുന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ കമ്മറ്റി നിര്‍ദ്ദേശിച്ച കര്‍മ്മപരിപാടികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലാത്ത പ്രശ്‌നം മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. കുറവിലങ്ങാട് പള്ളിക്കവലയില്‍ എത്തുന്നവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടില്ലെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രത്യേകം പരിശോധിക്കാന്‍ തയ്യാറാകണം.
ഓടനിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ആവശ്യത്തിനു സ്ലാബ് കിട്ടാത്ത പ്രശ്‌നം മോന്‍സ് ജോസഫ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി. കാല്‍നടക്കാര്‍ ഓടയില്‍ വീഴാത്ത വിധത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ സ്ലാബ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് എം.എല്‍.എ. മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
എം.സി. റോഡ് നവീകരണത്തെ തുടര്‍ന്ന് വിവിധ സ്ഥാപനങ്ങളിലേക്ക് കയറാന്‍ കഴിയാത്ത സാഹചര്യം പരിഹരിക്കുന്നതിന് കെ.എസ്.ടി.പി. തീരുമാനിച്ചിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ നടപ്പാക്കണം. മോനിപ്പള്ളി ഗവ. സ്‌കൂള്‍ പ്രവേശന കവാടം, കോഴ സംസ്ഥാന കൃഷിവിജ്ഞാനകേന്ദ്ര ഓഫീസിന്റെ മുന്‍വശം, വെമ്പള്ളിയിലെ വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ലാബിടുന്നതിനും ഗതാഗത തടസ്സം പരിഹരിക്കുന്നതിനും സത്വര നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
ഏറ്റുമാനൂര്‍ – പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ കൂത്താട്ടുകുളം വരെ എം.സി. റോഡിലെ അപകടസ്ഥിതി പരിഹരിക്കാന്‍ റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഫലപ്രദമായി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നുള്ള ശക്തമായ ആവശ്യം മോന്‍സ് ജോസഫ് എം.എല്‍.എ. സബ്മിഷനിലൂടെ ഉന്നയിച്ചത് നിയമസഭയുടെ ശ്രദ്ധ പിടിച്ചുപറ്റി. എം.എല്‍.എ. ഉന്നയിച്ച പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളിന്മേലും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് വളരെ വിശദമായി മറുപടി പറഞ്ഞ വകുപ്പ് മന്ത്രി ജി. സുധാകരന്റെ വികസനോന്മുഖ നിലപാടും ശ്രദ്ധേയമായിരുന്നു. റോഡ് നിര്‍മ്മാണ പുരോഗതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോടൊപ്പം എല്ലാ സ്ഥലങ്ങളിലും നേരിട്ട് സന്ദര്‍ശനം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

നമ്പ്യാകുളത്ത് വാഹനാപകടം ഡിപോള്‍ വിദ്യാര്‍ത്ഥി മരിച്ചു

കുറവിലങ്ങാട്

അജിത് വിജയന്‍

അജിത് വിജയന്‍

: വാഹനാപകടത്തില്‍ ഡി പോള്‍ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. കാണക്കാരി ആശുപത്രിപ്പടി ആറ്റുവായില്‍ പരേതനായ വിജയന്റെ ഏകമകന്‍ അജിത് വിജയനാ(ഉണ്ണി-19)ണ് മരിച്ചത്. ബൈക്കില്‍ നമ്പ്യാകുളം ഭാഗത്തേക്ക് വരികയായിരുന്നു അജിത്. ഇതേ ദിശയിലെത്തിയ കെഎസ്ആര്‍ടിസി ബസ് അജിതിന്റെ ബൈക്കിനെ മറികടക്കുന്നതിനിടയില്‍ ബസിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയതോടെ അജിത് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അജിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുഷ്പകുമാരിയാണ് അജിതിന്റെ മാതാവ്. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.